സോഷ്യല്‍ മീഡിയക്ക് സുപരിചിതരാണ് വ്ളോഗര്‍മാരായ ഖാലിദും സലാമയും. മിഡില്‍ ഈസ്റ്റ് ജീവിതം ആസ്പദമാക്കിയാണ് ദമ്പതികളായ ഇരുവരും വിഡിയോ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഖാലിജിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഖത്തറിലെത്തിയപ്പോള്‍ ഖാലിദ് മഞ്ജുവാര്യരെ കണ്ടിരുന്നു. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ആയിഷയെക്കുറിച്ച് അറിയുകയും ചെയ്തിരുന്നു. ഖാലിജിനൊപ്പമുള്ള ചിത്രം മഞ്ജുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ലേഡി സൂപ്പര്‍സ്റ്റാറിനെ കാണുവാന്‍ സാധിച്ചത് വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും ചിത്രത്തിന്റെ കഥ കേള്‍ക്കുവാന്‍ സാധിച്ചെന്നും ഖാലിദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്തോ – അറേബ്യന്‍ സിനിമയുടെ വളര്‍ച്ചയെക്കുറിച്ച് അറിയുവാന്‍ സാധിച്ചുവെന്ന് പറഞ്ഞ ഖാലിദ് ആയിഷയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച മഞ്ജു വാര്യര്‍ ചിത്രം ആയിഷ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളും. തിരസ്കാരങ്ങളും പ്രാരാബ്ദങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂര്‍ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.