സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഒരു സൂപ്പർ സ്റ്റാർ തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ. ഫൂട്ടേഡ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ മഞ്ജു എടുത്ത വർക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുൾ സ്പ്ലിറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, മറ്റാരും അത് നിങ്ങൾക്കു വേണ്ടി ചെയ്യില്ല’ എന്ന അടിക്കുറിപ്പോടു കൂടിയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സഹപ്രവർത്തകരും ആരാധകരും നിറഞ്ഞ കൈയടിയോടെയാണ് ചിത്രം സ്വീകരിച്ചത്. സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റിയെന്ന് രമേഷ് പിഷാരടി കമന്റ് ബോക്സിൽ കുറിച്ചു. ന്യൂ ചലഞ്ച് എന്നാണ് നീരജ് മാധവ് കുറിച്ചത്. അടിപൊളി, ചേച്ചി എന്ന് ഹോക്കി താരം ശ്രീജേഷ് കുറിച്ചപ്പോൾ ഇത് എപ്പോൾ സംഭവിച്ചു എന്നായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത്. ശരിക്കും ലേഡി സൂപ്പർ സ്റ്റാർ നിങ്ങളാണ് ചേച്ചിയെന്നാണ് നടി സാധിക വേണുഗോപാൽ കുറിച്ചത്.
ഷൈജു ശ്രീധരൻ ആണ് ഫൂട്ടേജ് സിനിമ സംവിധാനം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. കള എന്ന ടോവിനോ ചിത്രത്തിന് സംഘട്ടനം ഒരുക്കിയ ഇർഫാൻ ആമീർ ആണ് ഈ ചിത്രത്തിനും സംഘട്ടനം ഒരുക്കുന്നത്. ബിനീഷ് ചന്ദ്രനാണ് പ്രൊഡ്യൂസർ. ചിത്രം പകർത്തിയത് സിനിമ ഫോട്ടോഗ്രാഫർ രാജീവൻ ഫ്രാൻസിസ് ആണ്. അതേസമയം, മന്ത്രി ശിവൻകുട്ടിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ ചിത്രം പങ്കുവെച്ചു. നിങ്ങൾ സ്ത്രീകൾക്ക് ഒരു പ്രചോദനം ആണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
View this post on Instagram