നടൻ അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ മഞ്ജു വാര്യർ. കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരിക്കും നായിക എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ ഒപ്പു വെച്ചതായാണ് റിപ്പോർട്ടുകൾ. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം.
ഏതായാലും പ്രിയ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന് എകെ 61 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇതിന് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ 22 വർഷത്തിനു ശേഷം നടി തബു അഭിനയിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മരക്കാർ സിനിമയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയിരുന്നു. ഇത് വലിയ വാർത്ത ആയിരുന്നു. അതേസമയം, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ആണ് മഞ്ജു വാര്യരുടെ അടുത്തതായി റിലീസിന് എത്തുന്ന സിനിമ.