മലയാളികളുടെ പ്രിയപ്പെട്ട താരം, തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാസാഗറിന്റെ മരണവാർത്തയാണ് പിന്നീട് പുറത്തെത്തിയത്. കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രാവിൻ കാഷ്ഠം കലർന്ന വായു ശ്വസിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയാണ് ഇതിന് കാരണമായത്. ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. മരുന്ന നൽകി അസുഖം ഭേദമാക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാസാഗറിന്റെ നിര്യാണത്തിൽ തെന്നിന്ത്യൻ സിനിമാലോകത്തിലെ നിരവധി പേർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
2009ൽ ആയിരുന്നു ബംഗളൂരുവിൽ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവർക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയിൽ നൈനിക അഭിനയിച്ചിരുന്നു.