മമ്മൂട്ടി, മീരാജാസ്മിന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രമായിരുന്നു ഒരേ കടല്‍. 2007ലായിരുന്നു ചിത്രം പ്രേക്ഷകരിലെത്തിയത്. നരേയ്ന്, രമ്യാ കൃഷ്ണന് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളായി. സുനില്‍ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തി എന്ന ബംഗാളി നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. ഇപ്പോഴിതാ ഒരേ കടലിലെ ഓര്‍മകള്‍ പങ്കിടുകയാണ് മീരാ ജാസ്മിന്.
ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ പര്യവേഷണം ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുമെന്നും യാതൊന്നിനും മാറ്റാന്‍ കവിയാത്ത ഒന്ന് സൃഷ്ടിക്കുകയും ചെയ്യുമെന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശ്യാമപ്രസാദ് സാറിന്റെ ഒരേ കടല്‍ എന്നും അത്തരത്തിലൊരു യാത്രയായിരിക്കും. മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദഗ്ദ്യത്തിന് സാക്ഷ്യം വഹിക്കാന്‍ അത് അവസരമൊരുക്കി. ഈ സിനിമ തനിക്ക് സ്ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില പ്രതിഭകളുമായി അടുത്തിടപഴകാന്‍ അവസരം നല്‍കിയെന്നും മീര പറഞ്ഞു. ‘നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന് ആയതിന്’ എന്ന് പറഞ്ഞാണ് മീര പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ശ്യാമപ്രസാദ് തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അളഗപ്പനായിരുന്നു ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ഔസേപ്പച്ചന് ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. വിന്ധ്യന് ആയിരുന്നു ചിത്രം നിര്‍മിച്ചത്.