തന്റെ ജീവിതത്തിലെ അനാരോഗ്യകരമായ സമയങ്ങളിൽ നടൻ മമ്മൂട്ടി സഹായിച്ചെന്ന് വ്യക്തമാക്കി നടി മോളി കണ്ണമാലി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും മോളി കണ്ണമാലി തുറന്നു പറഞ്ഞത്. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി അടുത്ത ചുവട് വെക്കുന്നത് ഹോളിവുഡിലേക്കാണ്. ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യുവാണ്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് മലയാളിയായ ജോയ് തന്നെയാണ്. ഏഴ് കഥകൾ ഉൾപ്പെടുത്തിയിട്ടുള്ള ആന്തോളജി ചിത്രമാണ് ടുമോറോ. ജോയ് കെ മാത്യുവുമായുള്ള പരിചയത്തിന്റെ ഫലമാണ് തന്നെ തിരഞ്ഞെടുത്തതെന്ന് മോളി പറയുന്നു. മോളിക്കൊപ്പം സിനിമയിൽ എത്തുന്നത് രാജ്യാന്തര താരങ്ങളാണ്.
ഒരു കാലത്ത് ആരോഗ്യകരമായി തളർന്നുപോയ സമയത്ത് മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ചും മോളി കണ്ണമാലി പറഞ്ഞു. ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ നിൽക്കുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ അറ്റാക്ക് വന്നത്. താൻ മരിച്ചു പോകുമെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. തനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് മമ്മൂട്ടിയാണ് ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്. എന്നാൽ ഓപ്പറേഷൻ ചെയ്താലും നമ്മളെക്കൊണ്ട് ആവില്ല. അതുകൊണ്ട് അത് വേണ്ടെന്ന് തീരുമാനിച്ചു. വേറെയൊന്നും കൊണ്ടല്ല, ഓപ്പറേഷൻ ചെയ്ത് വന്നാലും അതിനുള്ള റൂം ആയിരിക്കണം. പിന്നെ കെയർ ചെയ്യാനും ആളില്ല. അതുകൊണ്ട് മരുന്നു കൊണ്ട് ചികിത്സിച്ചു തീർക്കാമെന്ന് വിചാരിച്ചു. ആ സമയത്ത് വല്ലാതെ കടത്തിലായിരിക്കുമ്പോഴാണ് മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് വന്ന് 50000 രൂപ തന്നത്. അതല്ലാതെ അഞ്ചിന്റെ പൈസ താൻ മമ്മൂട്ടി സാറിനോട് ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടില്ലെന്നും മോളി കണ്ണമാലി പറഞ്ഞു.വേറെയും ഒരുപാട് കടം ഉണ്ടായിരുന്നെന്നും മനോരമയിലെ പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്ത് രണ്ടു ലക്ഷത്തോളം രൂപ നേടിയെന്നും മോളി പറഞ്ഞു.