മലയാളത്തിന്റെ പ്രിയനടി മൈഥിലി വിവാഹിതയായി. നടി അനുമോൾ ആണ് ഗുരുവായൂരിൽ നിന്നുള്ള വിവാഹവീഡിയോ പങ്കുവെച്ചത്. നവദമ്പതികൾക്ക് താരം ആശംസയും നേർന്നു. കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ സജീവമല്ലാതിരുന്ന താരം സോഷ്യൽ മീഡിയയിലും ആക്ടീവ് അല്ലായിരുന്നു. സുഹൃത്തുക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് മൈഥിലിയുടെ വിവാഹവാർത്ത ഇപ്പോൾ പുറംലോകം അറിയുന്നത്. അനുമോളെ കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയും മൈഥിലിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചു.
ആർക്കിടെക്റ്റായ സമ്പത്ത് ആണ് മൈഥിലിയുടെ വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വൈകുന്നേരം കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് മൈഥിലി എത്തിയത്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ കരിയറിലെ ശ്രദ്ധേയമായ സിനിമകൾ. ലോഹം എന്ന സിനിമയിലൂടെ ഗായികയായും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇനി താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ചട്ടമ്പി ആണ്.
View this post on Instagram
Updating…