വിവാഹമാണ് ജീവിതത്തിലെ വിജയം എന്നാണ് താൻ കരുതിയിരുന്നതെന്ന് തുറന്നു പറയുകയാണ് നടി നവ്യ നായർ. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സിനിമയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിച്ച ആളല്ലെന്നും നവ്യ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരുപാട് സിനിമകൾ ചെയ്ത്, ഇനി മതി എന്ന് തോന്നിയ സമയത്താണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എല്ലാ ദിവസവും ഇത് തന്നെ ആയിരുന്നല്ലോ ചെയ്തിരുന്നത് ? സിനിമ മതി എന്ന് ഞാനായിട്ട് എടുത്ത തീരുമാനമാണ്, അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. ഞാൻ വളരെ ഹാപ്പി ആയിട്ടെടുത്ത തീരുമാനം ആയിരുന്നു അഭിനയം നിർത്തുക എന്നത്. അന്നത്തെ സമൂഹവും അത്തരത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ട ഒന്നായിരുന്നെന്നും നവ്യ പറഞ്ഞു.
വിവാഹം കഴിഞ്ഞാൽ സ്ത്രീ കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. ഒരുപാട് വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ചിന്തകളാണ് നാട്ടുനടപ്പ് എന്ന് പറയുന്നത്, കറുപ്പ്, വെളുപ്പ് സ്ത്രീ പുരുഷൻ, സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് ഇങ്ങനെയുള്ള നാട്ടുനടപ്പുകളെ ഞാനും അക്കാലത്ത് വിശ്വസിച്ചിരുന്നെന്നും വ്യക്തമാക്കുന്നു നവ്യ..
തന്നെ സംബന്ധിച്ച് അക്കാലത്ത് ഒരു സ്ത്രീയുടെ പ്രധാന ലക്ഷ്യം ഒരു കുടുംബം ഉണ്ടാക്കുക എന്നതായിരുന്നെന്നും നവ്യ പറഞ്ഞു. ആഗ്രഹം, ലക്ഷ്യം അങ്ങനെ യാതൊരു ചിന്തകളും തന്നെ ബാധിച്ചിരുന്നില്ലെന്നും വിവാഹ സമയത്ത് ഒരു നല്ല കുടുംബജീവിതം ഉണ്ടാക്കുക എന്നതാണ് ഒരു വ്യക്തിയുടെ വിജയം എന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും നവ്യ പറഞ്ഞു. ബാക്കി എന്തെല്ലാം ചുറ്റിലും ഉണ്ടെങ്കിലും, വ്യക്തി പൂർണ്ണനാകുന്നത് കുടുംബം കെട്ടിപ്പടുക്കുന്നതിലൂടെ ആണ്. എന്നെ ആരും ഇതൊന്നും പറഞ്ഞു പഠിപ്പിച്ചതല്ല, ചെറുപ്പം മുതൽ നമ്മൾ കേട്ട് വളരുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണെന്നും നവ്യ വ്യക്തമാക്കി. ഈയിടെ ഒരു സൈക്യാട്രിസ്റ്റിനെ പരിചയപ്പെട്ടിരുന്നെന്നും അന്നദ്ദേഹം പറഞ്ഞത് ചെറുപ്പത്തിൽ നമുക്കുണ്ടാവുന്ന അനുഭവങ്ങളാണ് വ്യക്തികളുടെ ജീവിതത്തിൽ ട്രോമാ ആയിട്ടും, ഹിയർ ഫാക്ടേഴ്സ് ആയിട്ടുമെല്ലാം രൂപം പ്രാപിക്കുന്നതെന്നുമാണെന്നും നവ്യ പറഞ്ഞു. ഡാൻസിൽ ഡിഗ്രി ചെയ്യണമെന്നും യു പി എസ് സി ചെയ്യണമെന്നും ഒക്കെ ആഗ്രഹിച്ചിരുന്ന സമയത്താണ് ഗർഭിണിയായത്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മോൻ ചെറിയ കുട്ടിയാണ് അവന്റെ കാര്യങ്ങൾ നോക്കണമെന്ന് ചേട്ടൻ പറഞ്ഞതുകൊണ്ട് അത് നടന്നില്ലെന്നും നവ്യ വ്യക്തമാക്കുന്നു.