ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവ്യ നായരെ നടിയും സുഹൃത്തുമായ നിത്യ ദാസ് സന്ദർശിച്ചു.
പേടിക്കാൻ ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം തനിക്ക് സുൽത്താൻ ബത്തേരിയിൽ എത്താൻ കഴിയില്ലെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനായി രംഗത്തിറങ്ങാൻ ആണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.