നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ടി പി മാധവൻ. ഇപ്പോൾ ഗാന്ധിഭവനിലാണ് ടി പി മാധവൻ താമസിക്കുന്നത്. കഴിഞ്ഞദിവസം നടി നവ്യാ നായർ ഗാന്ധിഭവനിൽ എത്തിയിരുന്നു. ഇവിടെ വെച്ച് താരം ടി പി മാധവനെ കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ടി പി മാധവൻ ഗാന്ധിഭവനിലാണ് കഴിയുന്നതെങ്കിലും കഴിഞ്ഞദിവസം ഗാന്ധിഭവനിൽ എത്തിയപ്പോൾ മാത്രമാണ് നടി നവ്യ ഇതിനെക്കുറിച്ച് അറിഞ്ഞത്. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടാൻ വേണ്ടി ആയിരുന്നു നവ്യ എത്തിയത്. അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുമ്പോൾ കണ്ണു നിറഞ്ഞാണ് നവ്യ സംസാരിച്ചത്. പത്തനാപുരം ഗാന്ധിഭവനിൽ വെച്ചായിരുന്നു ചടങ്ങ്.
ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് ടി പി മാധവനെന്നും ഗാന്ധിഭവനിൽ വെച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയെന്നും നവ്യ നായർ പറഞ്ഞു. അദ്ദേഹം താമസിക്കുന്നത് ഗാന്ധിഭവനിലാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും നവ്യ വ്യക്തമാക്കി. ടി പി മാധവനെക്കുറിച്ചും മാതാപിതാക്കളെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നവ്യ സംസാരിച്ചു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എന്ന സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതാണെന്നും ഇവിടെ കണ്ടപ്പോൾ ഷോക്കായി പോയെന്നും നവ്യ പറഞ്ഞു.
നമ്മുടെയൊക്കെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് പറയാൻ പറ്റില്ലെന്ന് പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയാകുമെന്ന് പറയാൻ സാധിക്കില്ലെന്നും മാതാപിതാക്കളേക്കാൾ മുകളിലായി ആരെയും താൻ കണക്കാക്കിയിട്ടില്ലെന്നും നവ്യ പറഞ്ഞു. ഇവിടെ കുറേ അച്ഛൻ – അമ്മമാർ ഉണ്ട്. തന്റേതല്ലാത്ത കാരണത്താൽ അനാഥരായ കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്നും ഇവിടുത്തെ എന്തെങ്കിലും പരിപാടിക്ക് തന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ തന്നെ വിളിക്കാമെന്നും നവ്യ പറഞ്ഞു.