നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ആഘോഷമാക്കുകയാണ് സിനിമാ ലോകം. ഇന്ന് രാവിലെ ചെന്നൈ മഹാബലിപുരത്തുവച്ചായിരുന്നു വിവാഹം. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകത്തുനിന്ന് നിരവധി പേര് എത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്, ബോണി കപൂര്‍, സംവിധായകരായ മണിരത്നം, ഗൗതം വാസുദേവ മേനോന്, ആറ്റ്ലി, നടന്മാരായ രജനീകാന്ത്, സൂര്യ, കമല്ഹാസന്, കാര്‍ത്തി, വിജയ് സേതുപതി, ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിനെത്തി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരം നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങലെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിനാണ്.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. രഹസ്യമായി വച്ച പ്രണയം പിന്നീട് പരസ്യമാകുകയായിരുന്നു. കൈയില്‍ റിംഗ് ധരിച്ച നയന്‍താരയുടെ ചിത്രം വിഘ്നേഷ് പങ്കുവച്ചതോടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പരന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നയന്‍താര വെളിപ്പെടുത്തിയിരുന്നു.