ഇക്കഴിഞ്ഞ ഒന്‍പതിനായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്. അടുത്തിടെ സിനിമാ ലോകം സാക്ഷ്യംവഹിച്ച വന്‍ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്, ബോളിവുഡ് താരം ഷാരൂഖ് ഖാന്, ടോളിവുഡ് താരങ്ങളായ കമല്ഹാസന്, രജനീകാന്ത്, സൂര്യ, കാര്‍ത്തി, സംവിധായകരായ ഗൗതം വാസുദേവ മേനോന്, ആറ്റലി, മലയാളത്തില്‍ നിന്ന് നടന് ദിലീപ് ഉള്‍പ്പെടെ വന്‍ താരനിരകളാണ് ഇവരുടെ വിവാഹത്തിന് അണിനിരന്നത്. ഇവരുടെ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികള്‍ വിപണിമൂല്യമുള്ള വന്‍ ഇവന്റായി.
വന്‍ തുക മുടക്കിയാണ് നെറ്റ്ഫ്ളിക്സ് ഇവരുടെ വിവാഹ ചടങ്ങ് സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര-വിഘ്നേഷ് വിപണിമൂല്യം എത്രയാണെന്നറിയാന്‍ പലരും കാത്തിരിക്കുകയാണ്. ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് ഇവരുടെ വിപണി മൂല്യം 215 കോടിയാണ്. അതില്‍ നയന്‍താരയുടെ മാത്രം 165 കോടി വരും. വിഘ്നേഷിന്റേത് 50 കോടിയും.
നയന്‍താരയുടേയും വിഘ്നേഷിന്റേയും പ്രതിഫല കണക്കുകളും സമ്പാദ്യങ്ങളുടെ വിവരങ്ങളുമെല്ലാം പുറത്തുവരുന്നുണ്ട്. നയന്‍താര ഒരു സിനിമയ്ക്കായി വാങ്ങുന്നത് പത്ത് കോടി വരെയാണ്. 20 ദിവസത്തെ കോള്ഷീറ്റിനാണ് ഇതെന്ന് ഓര്‍ക്കണം. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ച് കോടി വരെ കൈപ്പറ്റുന്നുണ്ട്. വിഘ്നോഷ് ശിവന് ഒരു സിനിമ ചെയ്യുന്നതിന് മൂന്ന് കോടി വരെ ലഭിക്കും. ഗാനരചയിതാവ് കൂടിയായ വിഘ്നേഷ് പാട്ടെഴുതുന്നതിന് 3 ലക്ഷം വരെ വാങ്ങുന്നുണ്ട്. സ്വത്ത് വിവരങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ ചെന്നൈയില്‍ രണ്ട് ആഢംബര വീടുകളാണ് നയന്താരക്കുള്ളത്. ഇതുകൂടാതെ ഹൈദരാബാദില്‍ പതിനഞ്ച് കോടിയോളം വരുന്ന രണ്ട് ബംഗ്ലാവുകള്‍, ബംഗളൂരുവിലും കേരളത്തിലും വീടുകള്‍ പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള കാറുകള്‍ അങ്ങനെ നിരവധിയാണ് നയന്‍താരയുടെ സമ്പാദ്യങ്ങള്‍.