നമുക്ക് പ്രിയപ്പെട്ട യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. ചെറിയ കാലം കൊണ്ട് താൻ ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ താരമാണ് നിഖില. ഒപ്പം ഓരോ വിഷയത്തിലും തന്റേതായ നിലപാടുകൾ തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും നിഖില കാണിക്കാറുണ്ട്. അയൽവാശി ആണ് നിഖിലയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈദ് ദിനത്തിൽ അയൽവാശി തിയറ്ററുകളിലേക്ക് എത്തും.
സിനിമയുടെ റിലീസിന് മുമ്പായി പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. അത്തരമൊരു പ്രമോഷനിൽ നിഖില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക് അടുക്കളഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും ഉണ്ടെന്നാണ് നിഖില പറയുന്നത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയും ഒക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’ – നിഖില പറഞ്ഞു.
ആണുങ്ങള് പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നതെന്നും അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളതെന്നും അവര്‍ മരിക്കുന്നതു വരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറഞ്ഞു. എന്നാൽ, നിഖില ഇത് പറഞ്ഞതോടെ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ചിലർ നിഖിലയ്ക്ക് എതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടപ്പോൾ ഉള്ള കാര്യം തുറന്നു പറഞ്ഞതിൽ എന്തിനാണ് വിഷമിക്കുന്നതെന്നാണ് എതിർപക്ഷം ചോദിക്കുന്നത്. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ബിനു പപ്പു,നസ്ലിൻ, നിഖില വിമൽ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തിൽ ഉണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.