തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കൈയടി നേടുമ്പോള്‍ ഒപ്പം പ്രേക്ഷക പ്രശംസ നേടുന്ന ഒരാളുണ്ട്. ചിത്രത്തില്‍ ആയിഷുമ്മയായി എത്തിയ ദേവി വര്‍മ്മ. ആദ്യ ചിത്രത്തിന്റെ അപരിചിതത്വങ്ങള്‍ തീരെ ഇല്ലാതെയാണ് ആ കഥപാത്രത്തെ ദേവി സ്ക്രീനില്‍ എത്തിച്ചത്. ആ കഥാപാത്രത്തിന് പൂര്‍ണ്ണത വരുത്താന്‍ സഹായിച്ചത് പോളി വത്സന്റെ ശബ്ദമാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
ആയിഷുമ്മയ്ക്ക് മറ്റൊരു ശബ്ദം ചിന്തിക്കുക കൂടി സാധ്യമല്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കഥാപാത്രത്തിന്റെ അവശതകളും നിസ്സഹായതയും അതമേല്‍ ഭംഗിയായി പ്രേക്ഷകനില്‍ കണക്ട് ആയിട്ടുണ്ട്. ആ ശബ്ദത്തിലൂടെ പ്രേക്ഷകര്‍ക്ക് വല്ലാത്തൊരു അനുഭവമായിരുന്നു ആയിഷുമ്മ എന്ന കഥാപാത്രം.
തരുണ്‍ മൂര്‍ത്തിയുടെ സുഹൃത്തിന്റെ മുത്തശ്ശിയാണ് ദേവി വര്‍മ്മ. ആദ്യം ആ കഥാപാത്രത്തിലേക്ക് മറ്റൊരു വ്യക്തിയെ നോക്കിയിരുന്നു. എന്നാല്‍ ആ വ്യക്തി മരണപ്പെട്ടതോടെ ദേവി വര്‍മ്മയിലേക്ക് എത്തുകയായിരുന്നു. പോളി വത്സന്റെ അവസാനം ഇറങ്ങിയ ചിത്രം സണ്ണി വെയ്ന്‍ നായകനായിയെത്തിയ ‘അപ്പന്’ ആയിരുന്നു. നാടകത്തിലൂടെ കടന്ന് വന്ന പോളി വത്സന് ചെയ്ത സിനിമകള്‍ കുറവാണെങ്കിലും ചെയ്ത വേഷങ്ങളില്‍ മിക്കതും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.