നിരവധി കോമഡിവേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് പൊന്നമ്മ ബാബു. സിനിമയിൽ മാത്രമല്ല സീരിയലിലും സജീവമാണ് താരം. ഇപ്പോൾ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് താരം എത്തുന്നത്. അതേസമയം, സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും ഇഷ്ടം ഇല്ലാത്ത വേഷം അഭിനയിക്കില്ലെന്ന് തുറന്നു പറയുകയാണ് പൊന്നമ്മ ബാബു. അതുകൊണ്ടു തന്നെ മമ്മൂട്ടി ചിത്രം മാമാങ്കം ഉൾപ്പെടെ ഒഴിവാക്കേണ്ടി വന്നതും നടി പറയുന്നു. അമൃത ടിവിയോട് സംസാരിക്കവെയാണ് പൊന്നമ്മ ബാബു ഇങ്ങനെ പറഞ്ഞത്. സീരിയൽ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും മിസിസ് ഹിറ്റ്ലർ പതിനെട്ടു വർഷത്തിനു ശേഷം ചെയ്യുന്ന സീരിയൽ ആണെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പല പടത്തിലും രണ്ടു സീനുണ്ട്, മൂന്ന് സീനുണ്ട് എന്ന് പറഞ്ഞ് വിളിക്കാറുണ്ടെന്നും എന്നാൽ ഇനി ചെയ്യുമ്പോൾ ശക്തമായ കഥാപാത്രങ്ങളാണ് വേണ്ടതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
കഴിഞ്ഞയിടെ ധ്യാനിന്റെ സിനിമയിൽ നിന്നും അഭിനയിക്കാൻ വിളിച്ചിരുന്നു. സംവിധായകൻ കുടുംബസുഹൃത്താണ്. മൂന്നോ നാലോ സീനാണെന്ന് പറഞ്ഞു. മൂന്നോ നാലോ സീനെനിക്ക് വേണ്ട മുഴുനീള വേഷമാണ് വേണ്ടതെന്ന് പറഞ്ഞു. കഥയിലങ്ങനെയാണ്, ചേച്ചി ഈ പടത്തിൽ വേണമെന്ന് അവര് പറഞ്ഞു. ഹിറ്റ്ലറിലെ മേക്കപ്പോടെയാണ് ആ പടത്തിന്റെ സെറ്റിൽ പോയത്. എല്ലാവരും ഹിറ്റ്ലർ കാണുന്നുണ്ടെന്നൊക്കെ പറഞ്ഞു. എന്നാൽ ആ പടത്തിനു വേണ്ടി മേക്കപ്പ് ഇട്ട് വന്നപ്പോൾ തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്നും കറുപ്പ് മേക്കപ്പ് ആയിരുന്നെന്നും പൊന്നമ്മ ബാബു പറഞ്ഞു.
കെജി ജോർജ് സാറിന്റെ എളവൻകോട് ദേശം എന്ന പടത്തിൽ നിന്ന് വിളിച്ചിരുന്നെന്നും എന്നാൽ, കഥാപാത്രത്തിന് ബ്ലൗസില്ല എന്ന ഒറ്റക്കാരണത്താൽ അത് ഒഴിവാക്കിയെന്നും പൊന്നമ്മ ബാബു പറഞ്ഞു. കുറേ കാലത്തിനു ശേഷം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഓഫർ വന്നു. 15 ദിവസം വേണം, പക്ഷേ ബ്ലൗസ് ഇടാനൊക്കില്ല. എന്നാൽ, ബ്ലൗസുള്ള പടത്തിലേ അഭിനയിക്കുകയുള്ളൂവെന്ന് പറഞ്ഞ് ആ പടം ഒഴിവാക്കിയതായും നടി വ്യക്തമാക്കി. ബ്ലൗസ് ഇട്ടേ അഭിനയിക്കുകയുള്ളൂവെന്ന് നടി അനു സിതാരയും പറഞ്ഞതായും പൊന്നമ്മ പറഞ്ഞു. പത്തൊൻപാതാം നൂറ്റാണ്ടിൽ പൊന്നമ്മയ്ക്ക് വേഷമില്ലെന്ന് വിനയൻ സാർ വിളിച്ചു പറഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ, ഒന്നിനും ബ്ലൗസില്ലെന്നാണ് പറഞ്ഞത്. ബ്ലൗസ് തനിക്കൊരു വീക്ക്നെസാണെന്നും മലയാളികളുടെ പ്രിയപ്പെട്ട നടി പറഞ്ഞു.