ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് കാരണമല്ല താന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് നടി പ്രിയ വാര്യര്‍. സിനിമയിലെ രണ്ട് സീനുകള്‍ കൊണ്ട് മാത്രമാണ് തനിക്ക് വലിയ മൈലേജ് ലഭിച്ചത്. അഡാര്‍ ലവിന് ശേഷം ശ്രദ്ധിച്ച് സിനിമ ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു താന്‍. അതിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നതെന്നും പ്രിയ വാര്യര്‍ പറഞ്ഞു.
അഡാര്‍ ലവിന് ശേഷം സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണമെന്ന് കരുതിയിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതുമായിരിക്കണമെന്ന് വിചാരിച്ചിരുന്നു. ഫസ്റ്റ് സിനിമ കഴിഞ്ഞതിന് ശേഷമുള്ള ഇമേജ് ഫുള്‍ ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
നല്ല നടിയാകുക എന്നതാണ് തന്റെ സ്വപ്നം. അഭിനയത്തിലൂടെ തന്നെ അറിയണമെന്നായിരുന്നു ആഗ്രഹം. അത്രയും നല്ല കഥാപാത്രം വന്നാല്‍ മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് കാത്തിരുന്നതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷത്തിന് ശേഷം പ്രിയ വേഷമിട്ട ഫോര്‍ ഇയേഴ്സ് എന്ന ചിത്രം ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ മറ്റൊരു പ്രദാന കഥാപാത്രത്തെ അവതരിപ്പിച്ചത്.