മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ രചന നാരായണൻകുട്ടി ആശുപത്രിയിൽ. ഡെങ്കു ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രചന തന്നെയാണ് താൻ ആശുപത്രിയിലായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രോഗം ബാധിച്ചിട്ട് 11 ദിവസം ആയെന്നും താൻ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണെന്നും രചന അറിയിച്ചു. അസുഖം 90% കുറഞ്ഞെങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി കുറിച്ചു.
‘എനിക്ക് അസുഖമായിട്ട് ഇന്ന് 11-ാമത്തെ ദിവസമാണ്. 90% ശതമാനം രോഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ. അതെ, ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം. നല്ല ഭക്ഷണം കഴിക്കൂ. അങ്ങനെ രക്തത്തിന്റെ അളവ് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നു’-എന്നാണ് രചന കുറിച്ചത്.
അസുഖമാണെന്ന് മനസിലായ ആദ്യദിവസങ്ങളിൽ എടുത്തതാണ് ഫോട്ടോയെന്നും കുറിപ്പിൽ രചന വ്യക്തമാക്കുന്നു. ഫോട്ടോകളിൽ കാണുന്ന സന്തോഷവും ചിരിയും ഫോട്ടോക്ക് വേണ്ടി മാത്രമുള്ളതാണെന്നും സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന അറിയിച്ചു. നിരവധി പേരാണ് എത്രയും വേഗം സുഖമാകട്ടെ എന്ന ആശംസയുമായി എത്തിയിരിക്കുന്നത്.