തെന്നിന്ത്യൻ സിനിമയിലെ തിളങ്ങിനിൽക്കുന്ന സൂപ്പർ താരമാണ് രശ്മിക മന്ദാന. പുഷ്പ സിനിമയിൽ അല്ലു അർജുന്റെ നായികയായതോടെ താരമൂല്യം ഉയർന്ന രശ്മിക മന്ദാന ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള തിരക്കിലാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന ‘മിഷൻ മജ്നു’ എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ അരങ്ങേറ്റം. ഇതു കൂടാതെ അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രമായ ‘ഗുഡ് ബൈ’യും അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ തിരക്കേറിയ താരമാകുമ്പോഴും ചില പ്രത്യേകതകൾ കാത്തുസൂക്ഷിക്കുകയാണ് രശ്മിക മന്ദാന.
ഷൂട്ടിംഗിന് എവിടെ ചെന്നാലും ഹോട്ടൽ മുറികളിൽ താമസിക്കുന്നത് താരത്തിന് ഇഷ്ടമല്ല. ഷൂട്ടിംഗ് എവിടെയായാലും സ്വന്തം വീട്ടിൽ താമസിക്കണമെന്നത് താരത്തിന് നിർബന്ധമാണ്. അതുകൊണ്ടു തന്നെ വിവിധ നഗരങ്ങളിലായി താരത്തിന് ഇതിനകം സ്വന്തമായുള്ളത് അഞ്ച് വീടുകളാണ്. ഗോവ, കൂർഗ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി വീടുകളുള്ള താരം കഴിഞ്ഞയിടെ മുംബൈയിലും ഒരു വീട് സ്വന്തമാക്കി.
മുംബൈയിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറിയത് കഴിഞ്ഞവർഷം പകുതിയോടെയാണ്. ബോളിവുഡിൽ അവസരങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് മുംബൈയിലെ വീട്ടിലേക്ക് താരം മാറിയത്. ‘ഒതുക്കമുള്ളതും മനോഹരവും’ എന്നാണ് മുംബൈയിലെ വീടിനെ രശ്മിക വിശേഷിപ്പിച്ചത്. രശ്മികയുടെ പ്രിയപ്പെട്ട വളർത്തുനായ ഓറ ഇവിടെ താരത്തിനൊപ്പമുണ്ട്. കൂർഗിലാണ് രശ്മികയുടെ മാതാപിതാക്കൾ താമസിക്കുന്നത്. ചുറ്റിനും മരങ്ങളും ചെടികളുമുള്ള മനോരഹമായ ഒരു ബംഗ്ലാവാണിത്. നിരവധി തെന്നിന്ത്യൻ സിനിമകളും ബോളിവുഡ് സിനിമകളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് ഇതിൽ ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ട്.