ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ, ചിത്രം കണ്ട സമയത്ത് തന്നെ അതിലെ പ്രണയം ടോക്സിക് ലവ് ആണെന്ന് ഒരു പതിനൊന്നു വയസുകാരി പറഞ്ഞിരുന്നെന്ന് വ്യക്തമാക്കുകയാണ് നടി റിമ കല്ലിങ്കൽ. അപ്പോൾ ആ കുഞ്ഞ് പറഞ്ഞതിനെ കാര്യമാക്കിയില്ലെന്നും എന്നാൽ, അടുത്ത ദിവസമായപ്പോഴേക്കും സോഷ്യൽ മീഡിയയിൽ മിന്നൽ മുരളിയിലെ ടോക്സിക് ലവിനെക്കുറിച്ച് ചർച്ചകൾ വന്നു തുടങ്ങിയിരുന്നെന്നും റിമ വ്യക്തമാക്കുന്നു.
ഇന്നത്തെ കാലത്ത് ജീവിക്കുന്ന പതിനൊന്നു വയസുകാരിക്ക് പോലും എന്താണ് ടോക്സിക് ലവ് എന്നറിയാം. അവരോടൊപ്പം നമ്മളും മാറിയില്ലെങ്കിൽ പുതു തലമുറയ്ക്ക് മുമ്പിൽ നമ്മൾ കാലഹരണപ്പെട്ടു പോകുമെന്നും റിമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല, കാലം മുന്നോട്ട് തന്നെ പോയിരിക്കും. പത്തു വർഷം മുമ്പ് ജീവിച്ച അവസ്ഥയിലല്ല താനെന്നും ജീവിക്കുന്ന ചുറ്റുപാട് മാറിയിട്ടുണ്ടെന്നും റിമ വ്യക്തമാക്കുന്നു.
ഇന്ന് സിനിമയിലെ സ്ത്രീകൾക്ക് മാറ്റമുണ്ട്. ചുറ്റുപാടിലുമുള്ള ആളുകൾക്ക് മാറ്റമുണ്ട്. സുഹൃത്തിന്റെ പതിനൊന്നു വയസുകാരിയായ മകൾക്കൊപ്പം ഇരുന്നാണ് മിന്നൽ മുരളി കണ്ടത്. സുഹൃത്തും മകളും തമ്മിൽ ഭയങ്കര വാക്കുതർക്കം നടക്കുകയാണ്. ഇതിലെ പ്രണയം ടോക്സിക് ലവ് ആണെന്നാണ് മകൾ പറഞ്ഞത്. എന്നാൽ, നെറ്റ്ഫ്ലിക്സ് കണ്ട് മലയാളം സിനിമയെ പുച്ഛിക്കേണ്ട എന്നാണ് സുഹൃത്ത് മകളോട് പറഞ്ഞത്. പക്ഷേ, പിറ്റേദിവസം ആയപ്പോഴേക്കും മിന്നൽ മുരളിയിലെ ടോക്സിക് ലവിനെക്കുറിച്ചായി സോഷ്യൽ മീഡിയയിൽ ചർച്ച. പതിനൊന്നു വയസുളള കുട്ടിക്ക് വരെ എന്താണ് ടോക്സിക് ലവ് എന്ന് അറിയാമെന്ന് റിമ പറഞ്ഞു. ഇനിയും നമ്മൾ മാറിയില്ലെങ്കിൽ പുതുതലമുറയുടെ മുമ്പിൽ നമ്മൾ കാലഹരണപ്പെട്ട് പോകുമെന്നും റിമ വ്യക്തമാക്കി.