ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അല്ലു അര്ജുന് നായകനായി എത്തി പുഷ്പയാണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. ക്രിട്ടിക്സ് അവാര്‍ഡ്സില്‍ ധരിച്ച വസ്ത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് സാമന്തയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് സാമന്ത പറയുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് തനിക്കറിയാമെന്ന് സാമന്ത പറയുന്നു. സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേയെന്ന് സാമന്ത ചോദിക്കുന്നു. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതണമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയിടയ്ക്കാണ് സാമന്ത സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം തികഞ്ഞത്. വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാമന്ത. ശാകുന്തളം, വിജയ് സേതുപതിക്കും നയന്താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ടു കാതല്‍ തുടങ്ങിയവയാണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.