വാത്തി സിനിമയിലെ തന്റെ കഥാപാത്രത്തെ പ്രേമം സിനിമയിലെ മലർ മിസുമായി താരതമ്യം ചെയ്യരുതെന്ന് നടി സംയുക്ത മേനോൻ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത മേനോൻ ഇങ്ങനെ പറഞ്ഞത്. സംയുക്ത നായികവേഷത്തിൽ എത്തിയ ചിത്രമായിരുന്നു വാത്തി. ധനുഷ് നായകനായി എത്തിയ ചിത്രം ഫെബ്രുവരിയിൽ ആയിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിൽ മീനാക്ഷി എന്ന അധ്യാപികയുടെ വേഷത്തിൽ ആയിരുന്നു സംയുക്ത എത്തിയത്. അതേസമയം, അടുത്ത മലർ മിസ് നിങ്ങളാണെന്നാണ് പറയുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സംയുക്തയുടെ ചോദ്യം.
മലർ ഒരു ഐക്കോണിക് കാരക്ടറാണെന്ന് സംയുക്ത മേനോൻ പറഞ്ഞു. ‘മലർ ഒരു സിംപിൾ കാരക്ടറാണ്. പക്ഷേ, ഐക്കോണിക്കാണ്. വാത്തിയിലെ മീനാക്ഷിക്കും മലരിനും തമ്മിൽ ഒരു സാമ്യവുമില്ല. മീനാക്ഷി ടീച്ചറാണ്. അതാണ് ഒരു സിമിലാരിറ്റി. പ്രേമത്തിൽ ടീച്ചറും സ്റ്റുഡന്റും തമ്മിലാണ് പ്രേമിക്കുന്നത്. വാത്തിയിൽ ടീച്ചർമാർ ആണ് പ്രേമിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്.’ – സംയുക്ത മേനോൻ പറഞ്ഞു.
വാത്തി സിനിമയിൽ ധനുഷുമായുള്ള കോംപിനേഷൻ സീനിനെക്കുറിച്ചും സംയുക്ത സംസാരിച്ചു. ധനുഷ് സാറുമായി കെമിസ്ട്രി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഞാൻ ഒരു സെൽഫ് ഡൗട്ടിങ്ങ് പേഴ്സണല്ല. എനിക്ക് കുറവുകളുണ്ടാകാം. അതിന്റെ മേൽ വർക്ക് ചെയ്ത് എങ്ങനെ ബെറ്ററാക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ സ്ട്രെങ്ത് എങ്ങനെ സ്ട്രോംഗ് ആക്കാം എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. കെമിസ്ട്രി ഉണ്ടാകുമോ ഇല്ലയോ എന്നുള്ള സംശയങ്ങളൊന്നും തനിക്ക് ഉണ്ടാവില്ലെന്നും സംയുക്ത പറഞ്ഞു. ഫെബ്രുവരി 17ന് ആയിരുന്നു വാത്തി റിലീസ് ചെയ്തത്.