തെന്നിന്ത്യൻ നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ ബി എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലി ആണ് വരൻ. ഷംന കാസിം തന്നെയാണ് താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഷംന കാസിം സന്തോഷവാർത്ത അറിയിച്ചത്. ഒപ്പം മനോഹരമായ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടു വെക്കുന്നു. ഇപ്പോൾ ഇത് ഔദ്യോഗികമാണ്’ – എന്ന കുറിപ്പിൽ ഷാനിദിനെ ടാഗ് ചെയ്താണ് താരം വിവാഹിതയാകാൻ പോകുന്ന വാർത്ത അറിയിച്ചത്.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്. ഇരുവർക്കും നടി പ്രിയാമണി ആശംസകൾ നേർന്നു. ‘നിനക്കും ഷാനിദ് ഇക്കയ്ക്കും അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പ്രിയാമണി കമന്റ് ബോക്സിൽ കുറിച്ചത്. റിമി ടോമി, കനിഹ, രചന നാരായണൻ കുട്ടി, സ്വാസിക, ശിവദ, സഞ്ജയ് ഭാരതി, വർഷിനി സൗന്ദർരാജൻ, ലക്ഷ്മി നക്ഷത്ര, ശേഖർ മാസ്റ്റർ, നീരവ് ബാവ് ലേച, പാരിസ് ലക്ഷ്മി, ശിൽപ ബാല, പേളി മാണി, പ്രിയങ്ക നായർ, നമിത കൃഷ്ണമൂർത്തി, മഞ്ജരി, കൃഷ്ണപ്രഭ, സുജ വരുണി, ശ്രീമുഖി തുടങ്ങി നിരവധി താരങ്ങളാണ് ഷംന കാസിമിനും ഷാനിദിനും ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്.
കണ്ണൂർ സ്വദേശിയാണ് ഷംന കാസിം. റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ താരം പിന്നാലെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ലാണ് അഭിനയത്തിലേക്ക് താരം എത്തിയത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. നിലവിൽ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമാണ് താരം. വിസിത്തിരൻ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി താരം പ്രത്യക്ഷപ്പെട്ടത്.
View this post on Instagram