തെന്നിന്ത്യൻ നായിക ഷംന കാസിം വിവാഹിതയായി. ദുബായിൽ വെച്ച് ആയിരുന്നു വിവാഹ ചടങ്ങുകൾ. ജെ ബി എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാരംഗത്തെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്ന് ഒരുക്കും.
പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് താരം ധരിച്ചത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങൾ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്.
റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂർ സ്വദേശിനിയായ ഷംന കാസിം ശ്രദ്ധേയയാകുന്നത്. 2004ൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംനയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റെ ഇടം കണ്ടെത്തി. മറ്റ് ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന കാസിം അറിയപ്പെട്ടത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴ് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചു.