ഇന്നലെയാണ് നടി ഷംന കാസിമി ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുന്‍പുള്ള നിമിഷങ്ങള്‍ വിഡിയോയായി പങ്കുവച്ചിരിക്കുകയാണ് താരം. നാലാം തീയതിയാണ് പ്രസവത്തിന്റെ ഡേറ്റെങ്കിലും അതിന് മുന്‍പേ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോകുകയാണെന്ന് വിഡിയോയില്‍ ഷംന പറയുന്നു.
ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്ന ഷംനയേയും ബന്ധുക്കളേയും വിഡിയോയില്‍ കാണാം. ദുബായ് ആസ്റ്റര്‍ ആശുപത്രിയിലേക്കാണ് ഷംനയും കുടുംബവും എത്തിയത്. ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുന്‍പ് സന്തോഷത്തോടെ തമാശകള്‍ പറയുന്ന ഷംന ഇടയ്ക്ക് ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട്. പിന്നീട് വേദന കടിച്ചുപിടിച്ചുകിടക്കുന്ന ഷംനയെ കാണാം. പിന്നെ കാണിക്കുന്നത് കൈക്കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ഷംനയുടെ ഉമ്മയെയാണ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര് പങ്കെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്.