മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ശോഭനയുടെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റൈന്ന് പ്രേക്ഷകര്‍ക്കറിയാം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം പറയുകയാണ് ശോഭന. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ഗാനരംഗം ഷൂട്ട് ചെയ്തത് എണ്ണ പുരട്ടിയ തറയിലാണെന്നും അവിടെ നൃത്തം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നുമാണ് ശോഭന പറഞ്ഞത്.
View this post on Instagram
ശോഭനയ്ക്കൊപ്പം ശ്രീധറാണ് ഗാനരംഗത്ത് എത്തിയത്. നാഗവല്ലിയായി ശോഭനയും രാമനാഥനായി ശ്രീധറും അതിമനോഹരമായ നൃത്തച്ചുവടുകളാണ് വച്ചത്. തറ തിളങ്ങുന്നതിനായാണ് എണ്ണ പുരട്ടിയത്. എണ്ണ പുരട്ടിയതോടെ തറയില്‍ നൃത്തം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് ശോഭന പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് ശോഭന ഇക്കാര്യം പറഞ്ഞത്. തന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനത്തിന്റെ ചുവടുകള്‍ ശോഭന പറഞ്ഞുകൊടുക്കുന്നതു വിഡിയോയില്‍ കാണാം.
1993ലായിരുന്നു മണിച്ചിത്രത്താഴ് പ്രേക്ഷകരിലേക്കെത്തിയത്. ഫാസിലായിരുന്നു സംവിധായകന്. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, സുധീഷ്, കുതിരവട്ടം പപ്പു, കെ.ബി ഗണേഷ് കുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.