മാളൂട്ടി, പൂക്കാലം വരവായ്, കിലുക്കാംപെട്ടി തുടങ്ങിയ ഗൃഹാതുരത്വമാർന്ന ചിത്രങ്ങളിൽ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറി 1990ൽ പുറത്തു വന്ന അഞ്ജലി എന്ന തമിഴ് ചിത്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരമാണ് ശ്യാമിലി. ഇപ്പോഴിതാ അഭിനയത്തിൽ മാത്രമല്ല ചിത്രകലയിലും താൻ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം അടുത്തിടെ ബംഗളുരുവിലെ ഒരു ആർട്ട് ഗ്യാലറിയിൽ നടന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു. കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപ്പര്യമുള്ള ശ്യാമിലി അഞ്ചു വർഷം നീണ്ട പഠനത്തിനൊടുവിലാണ് ‘Diverse Perceptions’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട്ട് സ്പെയ്സിൽ ആണ് എക്സിബിഷൻ സംഘടിപ്പിച്ചത്. അഫ്ഷാന ഷർമീൻ, ഐശ്വര്യ ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറു പേരുടെ ചിത്രങ്ങളും എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിച്ചു.
ഹരികൃഷ്ണൻസിൽ മമ്മൂക്കയുടെയും മോഹൻലാലിന്റെയും അനിയത്തികുട്ടിയായി അഭിനയിച്ച ശാലിനിയുടെ കുഞ്ഞനിയത്തി ശ്യാമിലി വളർന്നത് സിനിമയിലൂടെ തന്നെയാണ്.1989 മുതൽ തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചാക്കോച്ചൻ ചിത്രത്തിലൂടെ മലയാളത്തിലും ശ്യാമിലി നായികയായി അരങ്ങേറിയിട്ടുണ്ട്. ശ്യാമിലി അവസാനം അഭിനയിച്ച ചിത്രം അമ്മമ്മഗാരില്ലു ആണ്.