സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സ്മിനു സിജോ. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരി ആയും, ജോ ആൻഡ് ജോയിലെ അമ്മയായും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇതിനകം നിരവധി സിനിമകളുടെ ഭാഗമായ സ്മിനു കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആൺകുട്ടികൾക്ക് പ്രത്യേകപരിഗണനയാണെന്നും മകളെ കണ്ടാൽ പണിയെടുപ്പിക്കുമെന്നും സ്മിനു പറയുന്നത്.
മക്കൾക്കും ഭർത്താവിനും നമ്മുടെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഒരു സുഖമാണെന്നും ഇന്നത്തെ കാലത്ത് ബാങ്കു ജോലിക്കാരേക്കാൾ ശമ്പളം വീട്ടു ജോലിക്കാർക്കാണെന്നും സ്മിനു പറയുന്നു. ‘ഞാനെന്റെ മോളെ കണ്ടാൽ പണി എടുപ്പിച്ചിരിക്കും. പക്ഷെ അതിലൊരു ഗുണമുണ്ട്. ഞാനൊരു ഷൂട്ടിന് പോയാൽ എന്റെ വീട്ടിലെ സർവ്വ പണിയും എന്റെ മകളാ ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ബാങ്ക് ജോലിക്കാരെക്കാൾ ശമ്പളം ആണ് വീട്ടുജോലിക്കാർക്ക് നൽകേണ്ടത്. നമ്മുടെ മക്കൾക്കും ഭർത്താവിനും നമ്മുടെ കൈകൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം, അതൊരു സുഖമല്ലേ.. നമ്മൾ കഷ്ടപ്പെടുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ.’- സ്മിനു സിജോ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.
വീട്ടിലെ പണിയും വീട്ടിലെ കാര്യങ്ങളും ചിട്ടയോടെ ചെയ്യാൻ പഠിച്ചാൽ മറ്റൊരാൾക്ക് കൊടുക്കേണ്ട പണം സേവ് ചെയ്യാം. ഇന്നത്തെ കാലത്ത് എല്ലാ പണി ചെയ്യാനും സൗകര്യമുണ്ടെന്നും മേൽനോട്ടം വഹിക്കേണ്ട കാര്യമേ ഉള്ളൂവെന്നും അതിന് കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് മനുഷ്യനായിട്ട് ജീവിക്കുന്നതെന്നും സ്മിനു ചോദിക്കുന്നു. എന്റെ മകൻ എവിടെ പോയാലും വിളിച്ച് അമ്മാ, മീൻ കറിവെയ്ക്ക്, അല്ലെങ്കിൽ ചോറെടുത്ത് വെയ്ക്ക് എന്ന് പറയുമ്പോൾ അത് ഉണ്ടാക്കിവെയ്ക്കും. എന്റെ മകൻ ഞാനുണ്ടാക്കുന്ന ആഹാരം സ്നേഹിക്കുന്നു എന്നത് എന്റെ അഭിമാനമാണ്. നാളെ എന്റെ മകൾ അവൾക്കൊരു കുഞ്ഞുണ്ടാവുമ്പോൾ അല്ലെങ്കിൽ ഭർത്താവിന് അത് ഉണ്ടാക്കി കൊടുക്കും. തന്റെ ഭർത്താവ് എവിടെ പോയാലും വീട്ടിൽ വന്ന് ആഹാരം കഴിക്കുന്ന വ്യക്തിയാണെന്നും അത് നമ്മൾ വിളമ്പുന്നത് കൊണ്ടും പാകം ചെയ്യുന്നത് കൊണ്ടുമാണെന്നും സ്മിനു പറയുന്നു.