നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സുബിയുടെ ഫേസ്ബുക്ക് പേജില്‍ അവസാനം പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. ‘ഒരോ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്, എല്ലാവരേയും വീണ്ടും കാണാം നന്ദി’ എന്നാണ് ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഫേസ്ബുക്ക് പേജിന്റെ അഡ്മിനാണ് പോസ്റ്റ് പങ്കുവച്ചത്.
ഇന്ന് രാവിലെയാണ് സുബി സുരേഷിന്റെ അന്ത്യം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ചത് നില ഗുരുതരമാക്കി. കഴിഞ്ഞ കുറച്ചു നാളുകളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സുബിയുടെ സ്വദേശം. അച്ഛന് സുരേഷ്, അമ്മ അംബിക, സഹോദരന് എബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്കൂള്‍-കോളജ് വിദ്യാഭ്യാസം. സ്കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം ആണ് സുബി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.