നടൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചു നടന്നു. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
സച്ചി തിരക്കഥ ഒരുക്കിയ ‘രാമലീല’ 2017ൽ ആയിരുന്നു റിലീസ് ചെയ്തത്. വൻ താരനിര ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഗോപി സുന്ദർ ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് മുകേഷ്, പ്രയാഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ എന്നിവർ ആയിരുന്നു. മുളകുപാടം ഫിലിംസ് ആയിരുന്നു നിർമ്മാണം.
ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം ‘വോയ്സ് ഓഫ് സത്യനാഥൻ’ ആണ്. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ദിലീപും റാഫിയും വീണ്ടും ഒന്നിച്ചെത്തുന്നത്. വോയ്സ് ഓഫ് സത്യനാഥനിൽ ദിലീപിന് ഒപ്പം ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിലീപിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’
എന്ന ചിത്രമാണ്.