തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്നു. കോൺഗ്രസ് പാർട്ടിയിലൂടെ ആയിരിക്കും തൃഷ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ഭാരതപര്യടനത്തിന്റെ സമയത്ത് ആയിരിക്കും തൃഷ രാഷ്ട്രീയപ്രവേശനം നടത്തുക എന്നാണ് റിപ്പോർട്ടുകൾ. നടൻ വിജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തൃഷ രാഷ്രീയപ്രവേശനത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
തമിഴ് നടനായ വിജയിയുടെ പേരിൽ ആരാധകർ മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിട്ടുണ്ട്. വിജയിയുടെ ആശിർവാദത്തോടെയാണ് ഈ പാർട്ടി രൂപീകരിക്കപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ പാർട്ടി മത്സരിക്കുകയും വിവിധ സ്ഥലങ്ങളിൽ വിജയിക്കുകയും ചെയ്തിരുന്നു. ഈ വാർത്തകളുടെ ഇടയിലേക്കാണ് തൃഷയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ വാർത്തകളും എത്തുന്നത്.
തൃഷയുടെ ഏറ്റവും അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ്. സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം, പ്രകാശ് രാജ്, ശോഭിത ധുലിപാല എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട്. അണിയറയിൽ പുരോഗമിക്കുന്ന തൃഷയുടെ മറ്റൊരു ചിത്രം മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം റാം ആണ്.