സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നുവെന്നതാണ് ഇന്ന് ഓരോ വെഡിങ് ഫോട്ടോഷൂട്ടുകളേയും കുറിച്ചുള്ള പരാതി. പ്രണയമേറുമ്പോൾ ഇഴുകിച്ചേരലുകളും കൂടുന്നത് കാരണമായിരിക്കും ഇവ സംഭവിക്കുന്നതും. ഇതിനിടയിലും മനോഹരമായ ചില ഫോട്ടോഷൂട്ടുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ആദർശ് രാജ്–സ്നേഹ മുരളി എന്നിവരുടെ സേവ് ദ് ഡേറ്റ്
പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ഗജവീരന്റെ ആഢ്യത്വവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ സേവ് ദ് ഡേറ്റിനെ ആകർഷകമാക്കുന്നത്. കൊല്ലം അയത്തിലുള്ള പുളിന്താനത്ത് തറവാട് ആണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. ആദർശിന്റെ സഹോദരൻ പ്രശാന്തിന്റെ വീടാണിത്. ട്രഡീഷനൽ ശൈലിയിലുള്ള ഈ വീട് വെട്ടുകല്ലിലാണ് നിർമിച്ചിരിക്കുന്നത്. വെഡ്ഡിങ് ഷൂട്ടുകൾകൊണ്ട് വാർത്തകളിൽ നിറഞ്ഞ, തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലാക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. നവംബർ ഒന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്.