മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. ജനുവരി പത്തൊന്‍പതിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. മമ്മൂട്ടിയുടെ പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിംഗുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാന്‍ തീയറ്ററുകളില്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് റിലീസിനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
മമ്മൂട്ടിക്ക് പുറമേ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക് കുമാര്‍, സഞ്ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപു എസ് ജോസഫാണ് എഡിറ്റര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പിആര്‍ഒ.