മമ്മൂട്ടി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ഏജന്റ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പാന്‍ ഇന്ത്യന്‍ റിലീസിനെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതിരിക്കുക മാത്രമല്ല ബോക്സോഫീസിൽ തകർന്നടിയുകയും ചെയ്തിരുന്നു. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്തത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നല്‍കിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് ഇനി നല്ല പ്രമേയം മാത്രമുള്ള സിനിമകൾ ചെയ്യുമെന്ന തീരുമാനത്തിലാണ് അഖിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബജറ്റോ വമ്പൻ താരങ്ങളോ തന്റെ ചിത്രത്തിൽ ഉണ്ടാകില്ലെന്നുമാണ് താരത്തിന്റെ തീരുമാനം. നവാഗത സംവിധായകർക്ക് അവസരങ്ങൾ നൽകുവാൻ താരം ശ്രദ്ധ ചെലുത്തുമെന്നും താരത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിൽ താരം ഒപ്പിട്ടുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. ധീര എന്നാണ് ചിത്രത്തിന്റെ പേരെന്ന് അഭ്യൂഹങ്ങളുണ്ട്. രാധേ ശ്യാം, സാഹോ, ഭാഗമതി തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഒരു ബാനറാണ് യു വി ക്രിയേഷൻസ്. നവാഗതനായ ഒരു സംവിധായകൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ജാൻവി കപൂർ നായികയാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.