മണിരത്നം സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവനിലെ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് അണിയറപ്രവർത്തകർ പുറത്തുവിടാതെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുമുള്ള നടിയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ലീക്കായിരിക്കുകയാണ്. ചുവന്ന സിൽക്ക് സാരിയുടുത്ത് കൈയ്യിൽ ഒരു വിശറിയും പിടിച്ച് നിൽക്കുന്ന ഐശ്വര്യയുടെ ഫോട്ടോയാണ് ലീക്കായിരിക്കുന്നത്. മാലയും വളകളും കമ്മലുകളുമെല്ലാമായി സർവ്വാഭരണ വിഭൂഷിതയായിട്ടാണ് നടിയെ കാണുവാൻ സാധിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും താരത്തിന്റെ ചുറ്റുമുണ്ട്. അതോടൊപ്പം തന്നെ ഒരു ബൂം മൈക്കും താരത്തിന്റെ സമീപമുണ്ട്.
#AishwaryaRaiBachchan clicked on the set of her upcoming project, #Ponniyinselvan. pic.twitter.com/dvthN79FE1
— Filmfare (@filmfare) August 24, 2021
നന്ദിനി, അമ്മ മന്ദാകിനി എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് ഐശ്വര്യ റായ് ചിത്രത്തിൽ അഭിനയിക്കുന്നത്. നന്ദിനിയാണ് കഥയിലെ നായിക. വിക്രം, കാർത്തി, തൃഷ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൽക്കി കൃഷ്ണമൂർത്തി എഴുതി 1955ൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.
മഹാനായ ചോളാ ചക്രവർത്തി രാജരാജ ചോള ഒന്നാമനായി തീർന്ന ദക്ഷിണദേശത്തെ ഏറ്റവും ശക്തനായ രാജാവായിരുന്ന അരുൾമൊഴിവർമന്റെ തുടക്കകാലമാണ് ആ നോവലിൽ വിവരിക്കുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും അല്ലിരാജ സുഭാസ്കരന്റെ ഉടമസ്ഥയിലുള്ള ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ഇളങ്കോ കുമാരവേലിനൊപ്പം മണിരത്നവും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു. ബി ജയമോഹനാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഓസ്കാർ ജേതാവും മണിരത്നം ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യവുമായ ഏ ആർ റഹ്മാനാണ് സംഗീതസംവിധാനം. രവി വർമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മധ്യപ്രദേശിലെ ഓർച്ചയിലാണ് മകൾ ആരാധ്യക്കൊപ്പം ഐശ്വര്യ റായി ഷൂട്ടിങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം താരം മുംബൈയിൽ തിരിച്ചെത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ ഫാന്നേ ഖാനാണ് ഐശ്വര്യ അഭിനയിച്ച അവസാന ചിത്രം. ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കുവാൻ ചിത്രത്തിനായിരുന്നില്ല. രാവൺ, ഗുരു, ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മണിരത്നത്തിന് ഒപ്പം ഐശ്വര്യ റായി ചെയ്യുന്ന ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.