പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമ. മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുകയാണ്. സെൻസറിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടയിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് എത്തിയ എല്ലാ അപ്ഡേറ്റുകളും ശ്രദ്ധ നേടിയിരുന്നു.
ചിത്രം റിലീസിന് ഒരുങ്ങവേ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് അലി അക്ബർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് ജനങ്ങളുടെ സിനിമയാണെന്നും അതുകൊണ്ടു തന്നെ അവർ ഈ ചിത്രത്തിന്റെ പരസ്യക്കാരായി മാറുമെന്നുമാണ് അലി അക്ബർ പറയുന്നത്. പുഴ മുതൽ പുഴ വരെ സിനിമയ്ക്ക് പരസ്യങ്ങൾ ഉണ്ടാകില്ല. ജനങ്ങളാണ് ഈ സിനിമ നിർമിച്ചത്. അതുകൊണ്ടു തന്നെ ജനങ്ങൾ ഈ സിനിമയുടെ പരസ്യക്കാരായി മാറും. ഒരു പത്രപ്പരസ്യവും ചാനൽ പരസ്യവും ചിത്രത്തിന് ഉണ്ടാകില്ലെന്നും അലി അക്ബർ വ്യക്തമാക്കി.
ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല. ജനം നിർമിച്ച് ജനം വിതരണം ചെയ്ത് ജനം കാണുന്ന സിനിമ. ഇത് ഒരു പൊളിച്ചെഴുത്ത് ആണെന്നും അലി അക്ബർ കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തത്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്.