വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ‘ഭീഷ്മപർവം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മൈക്കിളപ്പനും പിള്ളേർക്കും വൻ വരവേൽപ്പാണ് സിനിമാപ്രേമികൾ നൽകിയത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു ആലീസ്. തെലുങ്ക് താരമായ അനസൂയ ഭരദ്വാജ് ആണ് ആലീസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത്. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ സിനിമയിലെ ദാക്ഷായണി എന്ന കഥാപാത്രത്തെ സൂപ്പറാക്കിയതും അനസൂയ ആയിരുന്നു. ഭീഷ്മപർവം റിലീസ് ആയതിനു പിന്നാലെ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റബേസിൽ നിഷാദ് ബാല എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ, ‘ആലീസ് പർവ്വം Jr എൻ.ടി.ആർ ചിത്രമായ നാഗയിൽ (2003) ആയിരുന്നു അവർ ആദ്യമായി അഭിനയിച്ചത്.അന്ന് ഒരു എക്സ്ട്രാ ആർട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം. “സിനിമയിൽ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. ഞാൻ അന്ന് ജൂനിയർ കോളേജിലായിരുന്നു, ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്തതായി ഞാൻ ഓർക്കുന്നു. അതിന് എനിക്ക് 500 രൂപ പ്രതിഫലം ലഭിച്ചു”. MBA (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ) പഠിച്ച അവർ കോർപ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്പോൾ ആകസ്മികമായി ഒരു ടെലിവിഷൻ കമ്പനിയിൽ എത്തിപ്പെടുന്നു. “2008ൽ ബദ്രുക കോളേജിൽ നിന്ന് എംബിഎ പാസായതിന് ശേഷം ഒരു വർഷത്തിലേറെയായി ഞാൻ എച്ച്ആർ എക്സിക്യൂട്ടീവായി ജോലി ചെയ്തു. അപ്പോഴേക്കും ചില സിനിമാ ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ചെയ്തില്ല. പിന്നീടാണ് വാർത്താ ചാന്നലിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്. സാക്ഷി ടെലിവിഷനിലെ അവതാരക.ഈ ജോലിയാണ് എനിക്ക് സിനിമയിലെയ്ക്കുള്ള ചവിട്ടു പടി ആയത്”
സാക്ഷി ടിവിയിൽ വാർത്താ അവതാരകനായി പ്രവർത്തിച്ച ശേഷം മാ മ്യൂസിക്കിൽ അവതാരകയാവാൻ അവസരം കിട്ടി. ഇതിനിടെ വേദം, പൈസ എന്നീ തെലുങ്ക് ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ജബർദസ്ത് എന്ന കോമഡി ഷോയിൽ അവതാരകയായി പ്രത്യക്ഷപ്പെട്ടു. ഈ ഷോ ഇവരുടെ കരിയറിലെ വഴിത്തിരിവാവുന്നത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് നാഗാർജുനയ്ക്കൊപ്പം സോഗ്ഗേടെ ചിന്നി നയന എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് പിന്നീട്, അതേ വർഷം തന്നെ, ക്ഷണം എന്ന ചിത്രത്തിൽ ഇവർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, നെഗറ്റീവ് ഷെയ്ഡുള്ള അത്യുഗ്രൻ കഥാപാത്രം.. Acp ജയാ ഭരദ്വജ്….! ഞാൻ ഇത്രയും നേരം പറഞ്ഞു വന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. രംഗസ്ഥലം എന്ന ചിത്രത്തിലെ ചിട്ടി ബാബുവിന് കൃഷി ചെയ്യാൻ മോട്ടോർ കൊടുക്കുന്ന കൊല്ലി രംഗമ്മ….! പുഷ്പ എന്ന ചിത്രം കണ്ടവരാരും ദാക്ഷായനിയെ മറക്കില്ല. ആ വേഷത്തിലെ വന്യത അനിർവചനീയമാണ്. പാൻ ചവച്ചുകൊണ്ട് ഭരിക്കുന്ന സ്ത്രി. ഭർത്താവ് ശ്രീനുവിന്റെ നെഞ്ചിൽ ഇരുന്നുകൊണ്ട് ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുന്ന ദാക്ഷായിനി. ഭീഷ്മപർവ്വത്തിൽ മൈക്കിളിൻ്റെ മാതാവിന് മധുരമുള്ള ഹോമിയോ മരുന്നുമായി വരുന്ന ഡോ ആലീസിൽ എത്തി നിൽക്കുന്നു ഈ അഭിനയ സപര്യ… ഈ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായി പരകായ പ്രവേശം നടത്തിയത്…..ഒറ്റ നാമം……. അനസൂയ ഭരദ്വജ്….!!’ – അനസൂയ ഭരദ്വാജിനെക്കുറിച്ച് നിഷാദ് ബാലയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.
View this post on Instagram