കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം ഒരുക്കി ഓൾ കേരള മെൻസ് അസോസിയേഷൻ. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നൽകിയത്.
സവാദിന് സ്വീകരണം നൽകുന്നതിന്റെ ലൈവ് വീഡിയോ അസോസിയേഷന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. പൂമാലയണിയിച്ചാണ് ജയിലിന് പുറത്തിറങ്ങിയ സവാദിന് സ്വീകരണം നൽകിയത്. ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്ന വാക്കുകളോടെയാണ് സവാദിന് സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സവാദിന് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണന്നും കുടുംബം താമസം മാറിയെന്നും മാനസികമായി തകർന്ന യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും അജിത്ത്കുമാർ പറഞ്ഞു. യുവതിയുടെ ഭാഗത്താണ് സത്യമെന്നാണ് ആദ്യം തോന്നിയതെന്നും എന്നാൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാൻ യുവതി വീഡിയോ ചെയ്തതാണെന്ന് മനസിലായതോടെയാണ് ഇത്തരത്തിൽ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും സവാദ് പറഞ്ഞു. യുവതി പ്രചരിപ്പിച്ച വീഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായിതെളിവില്ല. ഡിജിപിക്ക് നൽകിയ പരാതിയിൽ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും അജിത്ത് കുമാർ ആവശ്യപ്പെടുന്നു.