മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് ചിത്രം ‘ഭീഷ്മപർവം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മമ്മൂട്ടിയെക്കുറിച്ച് നടൻ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ്. തെലുങ്ക് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത സിനിമ ‘പുഷ്പ’ ആയിരുന്നു. റെക്കോഡ് കളക്ഷൻ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഭീഷ്മപർവം സിനിമ റിലീസ് ആയതിന് പിന്നാലെയാണ് മമ്മൂട്ടിയെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഹോളിവുഡ് ക്ലാസിക്ക് ആയ ‘ഗോഡ്ഫാദർ’ എന്ന സിനിമ ഇന്ത്യൻ ഭാഷയിലേക്ക് മാറ്റുകയാണെങ്കിൽ അതിന് ആരായിരിക്കും ചേരുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിന് മമ്മൂട്ടി എന്നായിരുന്നു അല്ലു അർജുൻ നൽകിയ മറുപടി.
‘എനിക്ക് തോന്നുന്നു മമ്മൂട്ടി സാർ, മമ്മൂട്ടി സാർ ആയിരിക്കും പെർഫെക്ട്’ എന്നായിരുന്നു അല്ലു അർജുൻ നൽകിയ മറുപടി. ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നാണ് 1972ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ. മികച്ച ചിത്രത്തിനും നടനും ഉൾപ്പെടെ ആ വർഷത്തെ ഓസ്കറുകളും സിനിമ സ്വന്തമാക്കിയിരുന്നു. പിന്നീട് ഇതിന്റെ തുടർഭാഗങ്ങളും പുറത്തിറങ്ങിയിരുന്നു.