ചൊവ്വാഴ്ച്ച വൈകിട്ട് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ശാന്തിപുരത്ത് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ബർത്ത്ഡേ സ്പെഷ്യൽ ഹോർഡിങ് ഉയർത്തുന്നതിനിടെ 3 പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബാനറിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുതിലൈനുമായി സമ്പർക്കം വന്നതിനാലാണ് അപകടം ഉണ്ടായത്. ഇന്നാണ് പവൻ കല്യാണിന്റെ ജന്മദിനം. സോമശേഖർ [30], സഹോദരൻ രാജേന്ദ്ര [32], സുഹൃത്ത് അരുണാചലം [28] എന്നിവരാണ് മരിച്ചത്.
പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പവൻ കല്യാണിന്റെ പുതിയ ചിത്രമായ വക്കീൽ സാബിന്റെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും കൃഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ മെഗാ സൂര്യ പ്രൊഡക്ഷൻസും 2 ലക്ഷം വീതം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തെലുങ്ക് സൂപ്പർതാരങ്ങളായ അല്ലു അർജുനും രാംചരണും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലു അർജുൻ 2 ലക്ഷവും രാംചരൺ 2.5 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.