മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് രാജമൗലി അല്ലു അർജുനുമായി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പണിപ്പുരയിൽ രാജമൗലിയോടൊപ്പം അച്ഛൻ കെ വി വിജയേന്ദ്രയും ഉണ്ടെന്നും ഇരുവരും ചേർന്നാണ് അല്ലു അർജുനെ കണ്ട് ഈ പ്രൊജക്ടിനെക്കുറിച്ച് പ്രാരംഭ ചർച്ചകൾ നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ.
രാജമൗലിയും വിജയേന്ദ്രയും ഇതിനകം രണ്ടുമൂന്ന് തവണ അല്ലു അർജുനുമായി ചർച്ച നടത്തിയെന്നാണ് സൂചന. ഈ ചിത്രം സംഭവിച്ചാൽ അല്ലു അർജുൻ – രാജമൗലി ടീമിൽ നിന്നും വരുന്ന ആദ്യത്തെ ചിത്രം ആയിരിക്കും ഇത്. ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായികയായി എത്തുക എന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുനെ നായകനാക്കിയുള്ള ചിത്രം ആഫ്രിക്കൻ വനാന്തരങ്ങളിൽ നടക്കുന്ന ഒരു കഥയാണ് രാജമൗലി പ്ലാൻ ചെയ്യുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകൻ മഹേഷ് ബാബു ആണ്. ജൂനിയർ എൻ ടി ആർ, രാം ചരൺ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ എത്തും. 1920കൾ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.