പുതിയ തലമുറക്ക് ഒരു പക്ഷേ അധികം പരിചയമില്ലാത്ത ഒരു വാക്കാണ് അള്ള്. ആ അള്ളിന് പിന്നിലെ നർമ്മങ്ങളും മാസുമെല്ലാം കൂട്ടിച്ചേർത്ത് ബിലഹരി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചാക്കോച്ചന്റെ ഇന്നോളം മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഹീറോ ഇമേജ് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ചാക്കോച്ചൻ തന്റെ പുതുവർഷം അല്പം മാസ്സായി തുടക്കമിട്ടപ്പോൾ അത് പ്രേക്ഷകർക്കും ഒരു മനസ്സ് നിറക്കുന്ന കാഴ്ചയായി. ഒരു ചെറിയ പ്ലോട്ടിൽ നിന്നും മനോഹരമായ ഒരു ചിത്രം സമ്മാനിച്ച ബിലഹരി എന്ന യുവസംവിധായകനിൽ നിന്നും ഇനിയുമേറെ ചിത്രങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. വെറും 25000 രൂപക്ക് പോരാട്ടം എന്ന സിനിമ പിടിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ബിലഹരി.
![Allu Ramendran Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Allu-Ramendran-Malayalam-Movie-Review-1.jpg?resize=788%2C394&ssl=1)
പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാമേന്ദ്രന് താൻ ഓടിക്കുന്ന വണ്ടി എന്നും പഞ്ചർ ആകുന്നത് എങ്ങനെയെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. സ്ഥിരം പഞ്ചർ ആകുന്നത് കൊണ്ട് നാട്ടുകാർ അയാൾക്ക് ഇട്ടുകൊടുത്ത പേരാണ് അള്ള് രാമേന്ദ്രൻ. ആ പേര് അയാളെ വലത്തേ അലോസരപ്പെടുത്തുന്നുണ്ട്. ആ പേരിന് പിന്നാലെയാണ് പിന്നീടുള്ള രാമേന്ദ്രന്റെ യാത്ര. അത് കൂടുതൽ സങ്കീർണമായ സംഭവങ്ങളിലേക്ക് കഥയെ കൊണ്ട് ചെന്നെത്തിക്കുന്നതാണ് അള്ള് രാമേന്ദ്രന്റെ ഇതിവൃത്തം. സാധാരണക്കാരനായ രാമേന്ദ്രന്റെ ജീവിതത്തെ അള്ള് എന്ന പേര് എങ്ങനെ ബാധിക്കുന്നു, അയാളുടെ സ്വഭാവത്തേയും ജീവിതരീതിയേയും മൊത്തത്തിലുള്ള കാഴ്ചപ്പാടുകളെയും ഇത് എങ്ങനെ മാറ്റി മറിക്കുന്നു എന്നുള്ളതെല്ലാം മനോഹരമായി അവതരിപ്പിക്കുന്നതിൽ ചാക്കോച്ചൻ ഏറെ വിജയിച്ചിട്ടുണ്ട്. കഥാപാത്രത്തിന് അനുസൃതമായ ഒരു ലുക്കും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.
![Allu Ramendran Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Allu-Ramendran-Malayalam-Movie-Review-2.jpg?resize=788%2C358&ssl=1)
രാമേന്ദ്രന്റെ ഭാര്യ വിജിയായി ചാന്ദിനി ശ്രീധരൻ എത്തുന്നുണ്ടെങ്കിലും സ്ക്രീൻ സ്പേസ് താരതമ്യേന കുറവാണ്. കൃഷ്ണശങ്കറും അപർണ ബാലമുരളിയും ചേർന്ന് മികച്ചൊരു കെമിസ്ട്രിയുമായി പ്രണയരംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇരുവരും ഒന്നിച്ച ഗാനവും ഇപ്പോൾ ഹിറ്റ് ചാർട്ടിൽ ഉണ്ട്. സലിം കുമാർ, ധർമ്മജൻ, ഹരീഷ് കണാരൻ, കൃഷ്ണശങ്കർ എന്നിവർ കോമഡി രംഗങ്ങൾ തകർപ്പനാക്കി മുന്നിൽ തന്നെയുണ്ട്. സോഷ്യൽ മീഡിയ അഡിക്റ്റായ ശ്രീനാഥ് ഭാസിയുടെ റോൾ മികച്ച നർമ്മമുഹൂർത്തങ്ങൾ തീർക്കുന്നുണ്ട്. അവയെല്ലാം തന്നെ ഇന്നത്തെ തലമുറക്ക് അവരോട് സ്വയം ചേർത്ത് നിർത്താവുന്നതാണ്. പൊട്ടിച്ചിരികളിലൂടെ കടന്നു പോകുന്ന ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ചിത്രം കുറച്ച് സീരിയസ് ആവുകയാണ്. ഒപ്പം കുറെ സസ്പെൻസും.
![Allu Ramendran Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Allu-Ramendran-Malayalam-Movie-Review-3.jpg?resize=788%2C358&ssl=1)
മികച്ചൊരു തിരക്കഥയെ മനോഹരമായി ഒപ്പിയെടുക്കുവാൻ അനുരാഗകരിക്കിൻ വെള്ളത്തിന് ശേഷം ഛായാഗ്രഹണം നിർവഹിക്കുന്ന ജിംഷി ഖാലിദിനായിട്ടുണ്ട്. കൂടാതെ വീണ്ടും ഷാൻ റഹ്മാൻ മാജിക് കാതുകൾക്ക് ഇമ്പമായി നിറയുകയും ചെയ്തു. കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു പക്കാ എന്റർടൈനർ തന്നെയാണ് അള്ള് രാമേന്ദ്രൻ. കോമഡി, റൊമാൻസ്, ആക്ഷൻ, സസ്പെൻസ്, മാസ്സ് എന്നിങ്ങനെ എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന ചിത്രം ഒരു വേറിട്ട അനുഭവം തന്നെയാണ്.