മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഭീഷ്മപർവം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകൻ രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മപർവത്തിന് തിയറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 100 ശതമാനം കാണികളെയും പ്രവേശിപ്പിക്കാൻ അനുവദിച്ചതിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമായിരുന്നു ഭീഷ്മ പർവം. ഭീഷ്മപർവത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആയിരുന്നു ഫേസ്ബുക്കിൽ അൽഫോൻസ് കുറിപ്പ് പങ്കുവെച്ചത്.
‘ഭീഷ്മപർവം തകർത്തു, ഭീഷ്മപർവം ടീമിന് അഭിനന്ദനങ്ങൾ. സിനിമയ്ക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ അമൽ നീരദിനോടും ആനന്ദ് സി ചന്ദ്രനോടും പ്രത്യേക സ്നേഹം’ എന്നായിരുന്നു അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചത്. താൻ പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്ന ആരാധകരോട് അൽഫോൻസ് പുത്രൻ സംവദിക്കാറുണ്ട്. ഇത്തവണയും അൽഫോൻസ് പുത്രൻ അത് മുടക്കിയില്ല.
അൽഫോൻസ് പുത്രന്റെ പോസ്റ്റിന് ഒരു ആരാധകൻ കുറിച്ച കമന്റ് ഇങ്ങനെ, ‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി സർ. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന അപൂർവം നടന്മാരിൽ ഒരാൾ. സ്റ്റാർഡം ഇല്ലാത്ത അത്ഭുത മനുഷ്യൻ. മഹാനായ അദ്ദേഹത്തോട് ഒരുപാട് ബഹുമാനവും സ്നേഹവും’ എന്ന കമന്റിന് അൽഫോൻസ് പുത്രൻ നൽകിയ മറുപടിയാണ് വൈറലായത്. മറുപടി ഇങ്ങനെ, ‘സത്യം. ക്ലിന്റ് ഈസ്റ്റ് വുഡ്, റോബേർട്ട് ഡി നിറോ, അൽ പാച്ചിനോ എന്നിവരേക്കാളും റേഞ്ചുള്ള നടനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലും തമിഴ്നാട്ടിലും ലോകത്തിലും തന്നെയുള്ള വില പിടിപ്പുള്ള രത്നമാണ് മമ്മൂട്ടി. ഒരുപാട് സ്നേഹവും ബഹുമാനവും’ – എന്നായിരുന്നു മറുപടി.