താരനിരയാൽ സമ്പന്നമായ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയറ്ററുകളിലേക്ക് എത്തുന്നു. ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അൽഫോൻസ് പുത്രൻ ചിത്രം എത്തുന്നത്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടൻ ബാബുരാജ് ആണ് ഗോൾഡ് സിനിമയുടെ റിലീസ് സംബന്ധിച്ച സൂചന നൽകിയത്. പെർഫെക്ഷനു വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചെന്നും അൽഫോൻസ് പുത്രനും ടീമിനും അഭിനന്ദനം എന്ന് കുറിച്ച ബാബുരാജ് ഡിസംബറിൽ ഗോൾഡ് റിലീസ് ആകുമെന്നും അറിയിച്ചു. പൃഥ്വിരാജിന് ഒപ്പമുള്ള പടം പങ്കുവെച്ചാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചത്.
സൂപ്പർഹിറ്റ് ആയ ‘പ്രേമം’ എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ പുതിയ ചിത്രവുമായി തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഒടിടിയിൽ റെക്കോഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. ടീസറും പോസ്റ്ററുകളും മാത്രം ഇറക്കിയ ചിത്രത്തിന് ഇതിനകം തന്നെ ആരാധകരുടെ ഇടയിൽ വലിയ ഹൈപ്പാണ് ഉള്ളത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നേരവും പ്രേമവും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ ഈ ചിത്രത്തിനും വെച്ചു പുലർത്തുന്നത്.
‘ഗോൾഡ്’ സിനിമയുടെ ഒ ടി ടി അവകാശം ആമസോൺ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിക്ക് മുകളിൽ പ്രി റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനകം തന്നെ സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശമെല്ലാം റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. സൂര്യ ടിവിക്കാണ് സിനിമയുടെ സാറ്റലെറ്റ് അവകാശം. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബർ എട്ടിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.