നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യ ചിത്രമായ “നേരം’ ലോക സിനിമാചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാത്ത ആദ്യ സിനിമയെന്നാണ് സംവിധായകൻ അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തിയത്.
സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് അതിന്റെ അർത്ഥം പലർക്കും മനസ്സിലായത്. രണ്ടാം ചിത്രമായ “പ്രേമം’ പുതുമകൾ ഒന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്നാണ് അൽഫോൺസ് പരിചയപ്പെടുത്തിയത്. മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.
ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 25 മുതൽ ടീസർ തീയറ്ററുകളിലും പ്രദർശിപ്പിക്കും. ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് നയൻതാര എത്തുന്നത്. ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ബാബുരാജ്, ജഗദീഷ്, ലാലു അലക്സ്, ശബരീഷ്, ദീപ്തി സതി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.