ചില ജന്മങ്ങൾ അങ്ങനെയാണ്… മറ്റുള്ളവർക്ക് മുന്നിൽ അവർ വെറും പരിഹാസപാത്രങ്ങളാണ്. പക്ഷേ ഉള്ളിന്റെ ഉള്ളിൽ മറ്റാർക്കും ഇല്ലാത്തൊരു നന്മ അവർക്കുള്ളിൽ ഉണ്ട്. ജീവിതം തന്നെ മാറ്റി മറിക്കുവാൻ ഉതകുന്ന അത്തരം നന്മകൾ നിറഞ്ഞ ഒരു മനുഷ്യന്റെ കഥയാണ് ‘അമ്പിളി’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ജോൺ പോൾ ജോർജ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററുകളിൽ വിജയം കുറിക്കാതെ പോയിട്ടും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഇടം പിടിച്ച ഗപ്പിക്ക് ശേഷം ജോൺപോൾ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് അമ്പിളി. പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് ചിത്രം തന്നെയാണ് അമ്പിളിയിലൂടെ ജോൺ പോൾ ജോർജ് സമ്മാനിച്ചിരിക്കുന്നത്.കാശ്മീരിൽ ഒരു സൈനികന്റെ മകനായി പിറന്ന് ബാല്യകാലം അവിടെ ചിലവഴിച്ച അമ്പിളി ഇപ്പോൾ മലയോര മേഖലയായ കട്ടപ്പനയിലാണ് താമസം. എന്തിനും ഏതിനും മുന്നിൽ തന്നെയുള്ള അമ്പിളി നാട്ടുകാരുടെ പ്രിയങ്കരനാണ്. ഒരു ഒറ്റബുദ്ധിയാണെങ്കിലും അമ്പിളിയുടെ നിഷ്കളങ്കതയെ പലരും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലും തന്റെ ബാല്യകാലസഖിയായ ടീന തന്നെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന സന്തോഷത്തിലാണ് അമ്പിളി. അതിനിടയിലാണ് അമ്പിളിയുടെ ബാല്യകാലസുഹൃത്ത് ബോബി അമ്പിളിയുടെ ജീവിതത്തിലേക്ക് വന്നു കയറുന്നത്. നാഷണൽ ലെവൽ സൈക്ലിംഗ് ചാമ്പ്യനാണ് ബോബി. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് സൈക്കിൾ യാത്രക്ക് പോകുന്ന ബോബിക്കൊപ്പം അമ്പിളിയും ചേരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഒരു റോഡ് മൂവി ഫീൽ കൂടി പകർന്ന് അവതരിപ്പിച്ചിരിക്കുന്ന അമ്പിളിയുടെ ഇതിവൃത്തം.
കുമ്പളങ്ങി നൈറ്റ്സിലെ സജിയിൽ നിന്നും വൈറസിലെ ഉണ്ണികൃഷ്ണനിൽ നിന്നും ഏറെ വ്യത്യസ്തമായി വേറിട്ട മാനറിസവും ഡയലോഗ് ഡെലിവെറിയുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സൗബിൻ ഷാഹിർ. പ്രേക്ഷകരുടെ മനസുകളിലേക്ക് ‘ഞാൻ ജാക്സൻ’ അല്ലെടാ എന്നാലപിച്ച് അമ്പിളി ചുവട് വെച്ചു കയറിയത്. സഹനടനിൽ നിന്നും നായകനിലേക്കുള്ള സൗബിന്റെ വളർച്ചക്ക് കാരണം എന്താണെന്ന് ഈ ചിത്രം കണ്ടാൽ കൃത്യമായി തിരിച്ചറിയാം. ബോബി എന്ന സൈക്ലിസ്റ്റായി അടക്കമാർന്ന ഒരു അഭിനയമാണ് തന്റെ ആദ്യ ചിത്രത്തിൽ തന്നെ നസ്രിയയുടെ സഹോദരൻ നവീൻ കാഴ്ച വെച്ചിരിക്കുന്നത്. പ്രായത്തിനെക്കാൾ പക്വതയാർന്ന പ്രകടനമാണ് നവീനിൽ കാണുവാൻ സാധിച്ചത്. ചെറുതെങ്കിലും തന്റെ ആദ്യ റോൾ തൻവി റാം അവിസ്മരണീയമാക്കിയിട്ടുണ്ട്. മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തവരും പ്രേക്ഷകന്റെ ആസ്വാദനത്തിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.ഗപ്പിയിലൂടെ നന്മ നിറഞ്ഞൊരു കഥ പ്രേക്ഷകനോട് പറഞ്ഞ ജോൺ പോൾ ജോർജ് മറ്റൊരു ഫീൽ ഗുഡ് ചിത്രമാണ് അമ്പിളിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ പോളിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരുപാട് നന്മ നിറഞ്ഞൊരീ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരൺ വേലായുധനാണ്. പ്രേക്ഷകനെ കൂടെ സഞ്ചരിപ്പിക്കുന്ന കാഴ്ചയാണ് ശരൺ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതം ഇതിന് കൂടുതൽ മനോഹാരിത പകരുന്നു. കൂടെയുള്ളവന്റെ നന്മ തിരിച്ചറിയുമ്പോൾ അവനോടുള്ള സ്നേഹം ഇരട്ടിക്കുമെന്ന് ഊന്നി പറയുന്ന അമ്പിളി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്.