അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകൾ പാപ്പുവും എത്തി. ഗോപി സുന്ദറിനും അഭിരാമി സുരേഷിനും ഒപ്പമാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. അമൃതയും പാപ്പു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഇവരുടെ ബാലയുടെ മകൾ അവന്തികയും ബാലയുമായി ഏറെ നേരം സംസാരിച്ചെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഇപ്പോഴും ആശുപത്രിയിൽ ചേട്ടനൊപ്പം ആണ്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്’ – അഭിരാമി കുറിപ്പിൽ വ്യക്തമാക്കുന്നു. ബാലയെ കണ്ടതിനു ശേഷം അഭിരാമിയും പാപ്പുവുമാണ് ആദ്യം വീട്ടിലേക്ക് മടങ്ങിയത്. അതിനു ശേഷമാണ് അമൃതയും ഗോപി സുന്ദറും ആശുപത്രിയിൽ നിന്ന് മടങ്ങിയത്. നേരത്തെ ഉണ്ണി മുകുന്ദനും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കഴിഞ്ഞദിവസം അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ബോധരഹിതനായ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ, കരൾ രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരാഴ്ച മുമ്പ് ആയിരുന്നു ഇത്. എന്നാൽ, കരുനാഗപ്പള്ളിയിലെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് എത്തുകയായിരുന്നു. കഴിഞ്ഞദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.