ടൊവിനോ തോമസ് നായകനായ ചിത്രം തല്ലുമാല തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് തലശ്ശേരി എംഎൽഎ എ എൻ ഷംസീർ. പ്രധാനമായും തലശ്ശേരിയിൽ ആയിരുന്നു തല്ലുമാല ചിത്രത്തിന്റെ റിലീസ് നടന്നത്. ഇവിടുത്തെ താഴെയങ്ങാടി സ്ട്രീറ്റിനെ കളർഫുള്ളാക്കി ചിത്രീകരണം നടത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി കളർഫുൾ ആക്കിയെടുത്ത തലശ്ശേരി താഴെയങ്ങാടി സ്ട്രീറ്റ് എം എൽ എയുടെ നിർദ്ദേശപ്രകാരം അതേപോലെ നിലനിർത്തുകയായിരുന്നു. തല്ലുമാല ജനഹൃദയങ്ങൾ കീഴടക്കട്ടെ എന്ന് ഷംസീർ ആശംസിച്ചു.
ഷംസീർ എം എൽ എ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘തലശ്ശേരിയുടെ പൈതൃകനഗരിയായ താഴെയങ്ങാടി സ്ട്രീറ്റിനെ കളർഫുള്ളാക്കി മാറ്റിയ ടോവിനോ തോമസിന്റെ ‘തല്ലുമാല’ ഇന്ന് റിലീസാവുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി തലശ്ശേരി താഴെയങ്ങാടി സ്ട്രീറ്റിനെ വർണങ്ങളാൽ അണിയിച്ചൊരുക്കിയത് നാടിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രീകരണശേഷവും സ്ട്രീറ്റ് അതേപോലെ നിലനിർത്താൻ സിനിമയുമായി ബന്ധപ്പെട്ടവരോട് ഷൂട്ടിങ് സമയത്ത് ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ കല്യാണ ആൽബം, ഷോർട് ഫിലിം, ഫോട്ടോ ഷൂട്ടിങ്ങിനുമൊക്കെയായി നിരവധിയാളുകളാണ് ഈ തെരുവിൽ ഇപ്പോഴുമെത്തി ചേർന്നു കൊണ്ടിരിക്കുന്നത്.. കുഞ്ചാക്കോ ബോബൻ നായകനാകുന്ന മറ്റൊരു ചിത്രവും ഈ താഴെയങ്ങാടി തെരുവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. തലശ്ശേരിയിലെ ഈ തെരുവിനെ കളർഫുള്ളാക്കിയ തല്ലുമാല ടീമിനോടുള്ള നന്ദി ഒരിക്കൽക്കൂടി ഈ അവസരത്തിൽ അറിയിക്കുന്നു. സിനിമ ജനഹൃദയങ്ങൾ കീഴടക്കട്ടെ…’
തല്ലുമാലയ്ക്ക് ആശംസ നേർന്നതിനൊപ്പം നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്കും ഷംസീർ ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന മറ്റൊരു ചിത്രവും ഈ താഴെയങ്ങാടി തെരുവിൽ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം കുറിച്ചത്. ഇന്നലെ ആയിരുന്നു കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ റിലീസ് ആയത്. സിനിമയുടെ പോസ്റ്ററിനെ ചൊല്ലി ചില ഇടതുപക്ഷൾ അനുഭാവികൾ സിനിമയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടത് വിവാദമായിരുന്നു.