സയൻസ് ഫിക്ഷൻ ചിത്രങ്ങളെ എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. പക്ഷേ അത്തരം മിക്ക ചിത്രങ്ങളിലും യഥാർത്ഥ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നിമിഷങ്ങൾ തുലോം കുറവാണ് കാണാൻ സാധിക്കുക. അവിടെയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 വ്യത്യസ്ഥമാക്കുന്നത്. സയൻസ് ഫിക്ഷൻ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി മാറ്റി നിർത്തേണ്ട ഒരു ചിത്രമല്ല ഇത്. മറിച്ച് സാധാരണക്കാരന്റെ ജീവിതത്തെ ശാസ്ത്രത്തിന്റെ വളർച്ചയോട് കൂട്ടിച്ചേർത്ത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരിക്കുകയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം. ചിരിപ്പിക്കുന്ന ഈ റോബോട്ട് ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്.
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും ചില വൃദ്ധനാണ് ഭാസ്കര പൊതുവാൾ. എഞ്ചിനീയറായ തന്റെ മകൻ സുബ്രഹ്മണ്യനെ തന്റെ കൺമുൻപിൽ നിന്നും ദൂരെ ജോലിക്കയക്കുവാൻ ഭാസ്കരന് ഇഷ്ടമല്ല. അച്ഛനെ അനുസരിച്ച് ജീവിച്ചിരുന്ന സുബ്രഹ്മണ്യൻ റഷ്യയിലെ ഒരു ജാപ്പനീസ് കമ്പനിയിലെ ജോബ് ഓഫർ സ്വീകരിക്കുകയും അങ്ങോട്ട് പോവുകയും ചെയ്യുന്നു. ആദ്യമായി റഷ്യയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്ന സുബ്രഹ്മണ്യൻ അച്ഛന് കൂട്ടിനായി ഒരു റോബോട്ടിനേയും കൊണ്ട് വരുന്നു. നാട്ടുകാർ സ്നേഹപൂർവം ആ റോബോക്കുട്ടന് ഒരു പേരും ഇടുന്നു – കുഞ്ഞപ്പൻ..! കുഞ്ഞപ്പന്റെ വരവ് രസകരമായ പല സംഭവങ്ങൾക്കും കാരണമാകുന്നു.
ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും സംസ്ഥാന അവാർഡ് ജേതാവ് സൗബിൻ ഷാഹിറും മത്സരിച്ചഭിനയിക്കുമ്പോൾ പ്രേക്ഷകമനസ്സുകളുടെ അവാർഡ് നേടി കുഞ്ഞപ്പനും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്. സ്വാഭാവിക നർമത്തിൽ ഊന്നിയ നിരവധി രംഗങ്ങളിലൂടെ പ്രേക്ഷകരെ ചിത്രം പൊട്ടിച്ചിരിപ്പിക്കുമ്പോഴും ആക്ഷേപഹാസ്യത്തിന്റെ സാങ്കേതികതികവാർന്ന ഒരു വശം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. സൂക്ഷ്മചലനങ്ങളിൽ പോലും വാർദ്ധക്യത്തിന്റെ കഷ്ടതകൾ മനോഹരമായി അവതരിപ്പിക്കുന്നതിൽ സുരാജ് വിജയം കൈവരിച്ചപ്പോൾ മകന്റെ റോൾ മനോഹരമാക്കുന്നതിൽ സൗബിനും മികച്ചു നിന്നു. അതോടൊപ്പം തന്നെ തന്റെ അരങ്ങേറ്റം എന്നെന്നും ഓർത്തിരിക്കുന്ന ഒന്നാക്കുവാൻ നായിക കെൻഡി സിർദോക്ക് സാധിക്കുകയും ചെയ്തു. സൈജു കുറുപ്പും മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസാണ്. മികച്ച വിഷ്വൽസ് പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബിജിബാൽ ഗാനങ്ങളും സൈജു ശ്രീധരന്റെ എഡിറ്റിംഗും കുഞ്ഞപ്പനെ നെഞ്ചോട് ചേർത്ത് നിർത്താൻ പ്രേക്ഷകരെ ഏറെ സഹായിച്ചിട്ടുണ്ട്. മനം നിറഞ്ഞ ചിരികളും നന്മ നിറഞ്ഞ ചിന്തകളും കൊതിക്കുന്നവർക്ക് കുഞ്ഞപ്പനെ കാണാൻ ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം.