കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒന്നിച്ചെത്തിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രം മലയാള സിനിമയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. 1997ല്‍ തീയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഫാസിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ജനാര്ദ്ദനന്, തിലകന്, ശ്രീവിദ്യ, കെപിഎസി ലഭിത, കൊച്ചിന് ഹനീഫ, ഹരിശ്രീ അശോകന്, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രത്തില്‍ ശാലിനി അവതരിപ്പിച്ച മിനി എന്ന കഥാപാത്രത്തിന്റെ ജേഷ്ഠനായി എത്തിയത് ജനാര്‍ദ്ദനനും കൊച്ചിന് ഹനീഫയും പുതുമുഖം ഷാജിനുമായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം ഷാജിന് കാഴ്ചവച്ചു. ആരാണ് ഷാജിന് എന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. സംവിധായകന് ഫാസിലിന്റെ സഹോദരിയുടെ മകനാണ് ഷാജിന്. സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ഷാജിന് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ സായികുമാര്‍ അവതരിപ്പിച്ച ബാലകൃഷ്ണന് എന്ന കഥാപാത്രത്തെ തേടി മാമുക്കോയ വരുന്നതും ആളുമായി ഒരാളെ പിടികൂടുന്നതുമായ രംഗമുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജിനായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും ഷാജിന് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളാണ് അവയില്‍ ശ്രദ്ധേയം.
ഏറെ നാളുകള്‍ക്ക് ശേഷം ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലാണ് ഷാജിനെ മലയാളികള്‍ വീണ്ടും കണ്ടത്. ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഷാജിന് അവതരിപ്പിച്ചത്. അനിയത്തിപ്രാവ് തമിഴില്‍ ഒരുക്കിയപ്പോഴും ഷാജിനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നിലവില്‍ സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന ഷാജിന് എറണാകുളം ബ്രോഡ് വേയിലുള്ള കിംഗ് ഷൂ മാര്‍ട്ട് നടത്തിവരികയാണ്.