ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം നിർവഹിക്കുന്ന ‘കൂടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തു വിട്ടിരുന്നു. എം രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള രജപുത്ര വിഷ്വൽ മീഡിയ നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, പാർവതി, നസ്രിയ ഫഹദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിവാഹത്തിന് ശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയക്ക്. എന്ന് നിന്റെ മൊയ്തീൻ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഏറെ പ്രശംസ നേടിയ ഒരു മറാത്തി ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2014ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം അഞ്ജലി മേനോൻ നേരത്തെ വാങ്ങിയിരുന്നു. സഹോദരീ – സഹോദരബന്ധത്തിന്റെ കഥ ഒരു ഫാന്റസി രീതിയിൽ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററും കൂടെയുടെ പോസ്റ്ററും തമ്മിൽ സാമ്യവുമുണ്ട്. ജൂലൈ 6ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.